National
ജയ്പുർ: രാജസ്ഥാനിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെ അന്യസംസ്ഥാനത്തുനിന്നു പിടികൂടി പോലീസ്. എന്നാൽ, പ്രതി ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
ബിക്കാനീർ ജില്ലയിലെ നപസർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. "അന്യസംസ്ഥാനത്തുനിന്നുള്ള 20കാരനായ വഖീൽ എന്ന പ്രതിയെ ഞങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ചൊവ്വാഴ്ച അയാളെ രാജസ്ഥാനിലേക്കു കൊണ്ടുവരും'- ബിക്കാനീർ പോലീസ് സൂപ്രണ്ട് കാവേന്ദ്ര സിംഗ് സാഗർ പറഞ്ഞു.
ജനുവരി ആറിന് പെൺകുട്ടി സ്കൂളിലേക്കു പോകുമ്പോഴാണ് സംഭവം നടന്നത്. സ്കൂൾ വളപ്പിന് സമീപത്തുനിന്നു കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംശയം തോന്നിയ ഗ്രാമവാസികൾ കാർ തടഞ്ഞു നിർത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ ഉടൻതന്നെ കുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചു. കൂടാതെ, പോലീസിനെയും വിളിച്ചു.
ജനുവരി 11 നാണ് നപസർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിലൊരാൾ അഭിഭാഷകനാണെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തെ നീലപ്പെട്ടി വിവാദത്തിൽ ഉൾപ്പെട്ട അതേ ഹോട്ടലിൽ നിന്ന്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്താണ് നീലപ്പെട്ടി വിവാദമുണ്ടായത്. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അർദ്ധരാത്രി റെയ്ഡ് നടത്തുകയായിരുന്നു. ഇത് വലിയ ചർച്ചാ വിഷയമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടർന്ന് നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം നടത്തി.
തുടർന്ന് നടന്ന അന്വേഷണത്തിൽ ട്രോളിയിൽ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് ജില്ലാ പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞത്.
ശനിയാഴ്ച അർധരാത്രിയോടെ പാലക്കാട്ടെ കെപിഎം റീജിയൻസിന്റെ 2002-ാം മുറിയിൽ നിന്നാണ് അന്വേഷണസംഘം രാഹുലിനെ പിടികൂടിയത്. സഹായിയും ഡ്രൈവറും ഹോട്ടലിൽ നിന്നും മടങ്ങിയതിന് ശേഷമാണ് പോലീസ് നടപടി.
അതേസമയം, പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് വിവരം.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ ഭർത്താവിനെ ബിജെപി പുറത്താക്കി. സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടിയെന്ന് പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാൽ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാർഡിൽ ബിജെപി മൂന്ന് വോട്ടിന് തോറ്റിരുന്നു. അതിജീവിതയുടെ ഭർത്താവാണ് തോൽവിക്ക് കാരണമെന്ന ആക്ഷേപം പ്രാദേശിക നേതൃത്വവും ഉയർത്തിയിരുന്നു. തുടർന്ന് പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റിയും നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇയാൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവിന്റെ ആവശ്യം.
എന്നാൽ നടപടി വൈകുകയാണെന്ന് ആരോപിച്ച് ഇയാൾ കൊച്ചിയിൽ പത്ര സമ്മേളനം നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് നിർദേശവുമായി അന്വേഷണ സംഘം. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോകരുതെന്നും പ്രത്യേക അന്വേഷണ സംഘം രാഹുലിന് നിർദേശം നൽകി.
അതേസമയം രാഹുലിനെ ഇന്ന് ചോദ്യം ചെയ്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. അന്വേഷണ സംഘത്തിനു മുന്നിൽ രാഹുൽ തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം നൽകിയിരുന്നു.
രാഹുലിനെതിരായ രണ്ട് പീഡനക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിലൊന്ന്.
ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും.
Kerala
തിരുവനന്തപുരം: പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൈംബ്രാഞ്ചിന് മുന്നില്‍ തിങ്കളാഴ്ച ഹാജരായേക്കില്ല. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും രാഹുൽ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അതേസമയം രാഹുലിന്റെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തെ ഹൈക്കോടതിയുടെ അപ്പീൽ തീരുമാനമനുസരിച്ചാകുമെന്നും സൂചനയുണ്ട്.
ആദ്യത്തെ പരാതിയിൽ രാഹുലിനെ തത്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം തിങ്കളാഴ്ച നടക്കും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ പീഡന പരാതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധിപറയും.
വിധി പറയുന്നതുവരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു.
അന്വേഷണ ചുമതലയുള്ള ജി.പൂങ്കുഴലി ബംഗളൂരുവിൽ എത്തിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്നും നിരന്തരം ശല്യംചെയ്തെന്നുമാണ് പരാതിക്കാരിയുടെ മൊഴി. നേരത്തേ കെപിസിസി പ്രസിഡന്റിനാണ് യുവതി ഇമെയിൽ വഴി പരാതി നൽകിയത്.
തുടർന്ന് ഈ പരാതി പോലീസിന് കൈമാറുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. ആദ്യ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
Kerala
കൊച്ചി: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ശനിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് കെ.ബാബുവിന്റെ ബെഞ്ച് 32-ാമത്തെ ഐറ്റമായിട്ടാണ് കേസ് പരിഗണിക്കുക.
തനിക്കെതിരെ ഉയർന്ന ആരോപണം പീഡനമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ വാദം. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു.
കീഴ്ക്കോടതി താൻ സമർപ്പിച്ച തെളിവുകൾ കൃത്യമായി പരിഗണിച്ചില്ല. വിധിയിൽ പിഴവുണ്ട്. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ പീഡനക്കേസായി മാറ്റിയതാണെന്നും ഹര്‍ജിയിൽ രാഹുൽ പറയുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ ഇന്നലെ തള്ളിയത്.
തുടർന്ന് രാഹുൽ കീഴടങ്ങുമെന്ന് സൂചന പരന്നിരുന്നു. ഒളിവിൽ കഴിയുന്ന രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘം ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്.
Kerala
തിരുവനന്തപുരം: എസ്ഐടി കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു. പേഴ്സണൽ സ്റ്റാഫ് അംഗം ഫസൽ അബ്ബാസിനെയും ഡ്രൈവർ ആൽവിനെയുമാണ് വെള്ളിയാഴ്ച വിട്ടയച്ചത്.
വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. ഫസൽ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല.
നിയമവിരുദ്ധമായാണ് പോലീസ് കസ്റ്റഡി. പോലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം രാഹുൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം.
Kerala
കാസർഗോഡ്: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിലില്ലെന്ന് കാസർഗോഡ് എസ്പി. രാഹുൽ കോടതിയിൽ ഹാജരാകാൻ സാധ്യതയുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസിനെ വിന്യസിച്ചത്.
ഹോസ്ദുർഗ് കോടതി പരിസരത്ത് വിന്യസിച്ച പോലീസിനെ പിൻവലിച്ചെന്നും എസ്പി പറഞ്ഞു. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ എസ്ഐടി രാഹുലിനെ കസ്റ്റഡിയിൽ എടുത്തുവെന്നും കോടതിയിൽ ഹാജരാക്കിയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സന്നാഹം കോടതി പരിസരത്തെത്ത് നിലയുറപ്പിച്ചതോടെ രാഹുൽ അറസ്റ്റിലായെന്ന സൂചനയും പരന്നു. തുടർന്ന് ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി കോടതി പരിസരത്ത് എത്തിയിരുന്നു.
Kerala
കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയുടെ നടപടി അഭിനന്ദനാർഹമാണ്. പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്.
രാഹുൽ പാർട്ടിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു. അതിനാണ് ഇപ്പോൾ അന്ത്യം കണ്ടിരിക്കുന്നത്. രാഹുലിനെതിരെ പറഞ്ഞവർക്കെതിരെ സൈബർ ആക്രമണമുണ്ടായി. വനിതാ നേതാക്കൾക്കെതിരെയും കടുത്ത സൈബർ ആക്രമണമുണ്ടായി. എന്തൊക്കെ ആക്രമണം വന്നാലും നിലപാട് മാറ്റില്ല.
രാഹുലിന്റെ പണം വാങ്ങിയ വെട്ടുകിളികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ഈ വെട്ടുകിളികളെ ഉന്മൂലനം ചെയ്യണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും എസ്ഐടി കസ്റ്റഡിയിലെടുത്തു.
ഇവരിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ കണ്ടെത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കസ്റ്റഡിയിലെടുത്ത ഇരുവരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന. ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തേക്കും.
അതേസമയം സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. ഉത്തരവിന്റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.
ഇതിനിടെ രാഹുലിന്റെ ഒരു ഫോൺ ഓണായി. ഈ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഏതു വിധേനെയും രാഹുലിനെ ഇന്നു തന്നെ പിടിക്കാനുള്ള പ്രയത്നത്തിലാണു പോലീസ്.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നീക്കവുമായി അന്വേഷണ സംഘം. കർണാടക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ രാഹുലിനായി തെരച്ചിൽ തുടരുകയാണ്.
ഇത്ര ദിവസമായിട്ടും രാഹുലിനെ പിടികൂടാൻ കഴിയാത്തതിൽ പോലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം മുൻ കൂർ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെ രാഹുലിന്റെ ഒരു ഫോൺ ഓണായി. ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
കോടതിയും പാർട്ടിയും കൈവിട്ടതോടെ ഒളിവു ജീവിതം അവസാനിപ്പിച്ച് കീഴടങ്ങാനുള്ള ശ്രമങ്ങൾ രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സൂചനയുണ്ട്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും അഭിഭാഷകർ നടത്തുന്നുണ്ട്.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണ്. രാഹുലിനെതിരെ പാർട്ടി എടുത്ത നടപടി കൂട്ടായ തീരുമാനമാണ്.
രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. രാഹുലിന്റെ സംഘടനാ പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ല.
കോൺഗ്രസ് എടുത്ത നടപടി മറ്റു പാർട്ടികൾ ഇതുവരെ എടുത്തിട്ടില്ല. പാർട്ടി നടപടിക്കൊപ്പമാണ് താനുള്ളതെന്നും ഷാഫി പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു.
കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടും. രാഹുലിന്റെ കേസും മുകേഷ് എംഎൽഎയുടെ കേസും വ്യത്യസ്ഥമാണ്. മുകേഷ് പാർട്ടി മെമ്പറല്ല.
മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംഘടനയിൽ ഇല്ലാത്ത ആൾക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും. പാർട്ടിയുടെ നടപടി മാതൃകാപരമാണ്.
മുകേഷ് എംഎൽഎയ്ക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തു. മുകേഷിനെതിരെ നടപടി സ്വീകരിക്കാതിരുന്ന സിപിഎമ്മാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നത്. ഇരയ്ക്കൊപ്പം തന്നെ നിൽക്കും.
കോൺഗ്രസ് പ്രസ്ഥാനം എക്കാലും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസ് മാതൃകാപരമായ നടപടി കൈക്കൊണ്ടുവെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു.
രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളുകയും കോൺഗ്രസ് പുറത്താക്കുകയും ചെയ്തതിനു പിന്നാലെ സ്ത്രീപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത. അറസ്റ്റ് ചെയ്യുന്നതു കോടതി വിലക്കിയിട്ടില്ല.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും കീഴടങ്ങുന്നതാവും നല്ലതെന്ന ഉപദേശം അടുപ്പമുള്ളവർ രാഹുലിനു നൽകിയെന്നാണ് സൂചന. രണ്ടു ഗുരുതര കേസുകൾ വന്നതോടെ മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത മങ്ങിയെന്നാണ് വിലയിരുത്തൽ. അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വൈകാതെ കീഴടങ്ങിയേക്കും.
വ്യാജപരാതി ആണെന്നുള്ള രാഹുലിന്റെ വാദങ്ങൾ തള്ളിയാണ് കോടതിവിധി. രാഹുലിനെതിരേ മറ്റൊരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റർ ചെയ്തതും മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യതയെ ബാധിച്ചു.
കോടതിവിധി വന്നതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. നിലവിൽ സസ്പെൻഷൻ നടപടിയായിരുന്നു പാർട്ടി സ്വീകരിച്ചിരുന്നത്.
എന്നാൽ, മറ്റൊരു യുവതികൂടി പരാതിയുമായി കെപിസിസിയെത്തന്നെ സമീപിച്ചതോടെ കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽത്തന്നെ ശക്തമായിരുന്നു. വനിതാ നേതാക്കൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നു കെ. മുരളീധരൻ ബുധനാഴ്ച പറഞ്ഞിരുന്നു.
സമ്മർദം ശക്തമായതോടെയാണ് മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പുറത്താക്കൽ മാധ്യമങ്ങളെ അറിയിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാഹുൽ എംഎൽഎസ്ഥാനം ഒഴിയുന്നതാകും നല്ലതെന്നും അഭിപ്രായപ്പെട്ടു.
പുറത്താക്കൽ എഐസിസിയുടെ അനുമതിയോടെയാണെന്നു ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. എംഎൽഎ സ്ഥാനം ഒഴിയുന്നതാവും നല്ലതെന്നു രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
പാർട്ടിയും കൈവിട്ടതോടെ കീഴടങ്ങുന്നതാവും നല്ലതെന്ന ചിന്ത രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമായെന്നാണ് അറിയുന്നത്. കഴിഞ്ഞ എട്ടു ദിവസമായി ഒളിവിൽ കഴിയുകയാണ് എംഎൽഎകൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്പോഴാണ് കനത്ത തിരിച്ചടി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ചൊവ്വാഴ്ച യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സണ്ണി ജോസഫിനു പുറമേ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവർക്കാണ് യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് യുവതി ഇമെയിൽ മുഖേന പരാതി അയച്ചത്. 2023ൽ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നു യുവതി പറയുന്നു.
തുടർന്ന് രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും നിയമനടപടിക്ക് തയാറല്ലെന്ന് യുവതി അറിയിക്കുകയായിരുന്നു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതി പാലക്കാട്ടെ ഫ്ലാറ്റിലെത്തിയതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. സിസിടിവി ഡിവിആറിന് ബാക്ക്അപ്പ് കുറവാണെന്നാണ് സൂചന.
സമീപത്തെ കൂടുതൽ സിസിടിവികൾ പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. മേയ് അവസാന ആഴ്ചയിലെ രണ്ടു ദിവസമാണ് യുവതി പാലക്കാട്ടെ ഫ്ലാറ്റിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധ.
നേരത്തെ ഫ്ലാറ്റിലെത്തിയ പോലീസ് സംഘം ആദ്യം ഒരു പ്രാധമിക പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് വീണ്ടും വിശദമായ പരിശോധന നടത്തി. രാവിലെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്.
Kerala
കൊച്ചി: റാപ്പർ വേടനതിരായ ബലാത്സംഗക്കേസിൽ തൃക്കാക്കര പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവയ്ക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ. അതേസമയം ഈ മാസം പത്തിന് വേടന്റെ ചോദ്യംചെയ്യൽ പൂർത്തിയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പോലീസിന് അന്നത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി.
Kerala
തിരുവനന്തപുരം: റാപ്പർ വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന പരാതിയുമായി കുടുംബം. വേടന്റെ സഹോദരൻ ഹരിദാസ് ആണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം.
വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമമെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും ഹരിദാസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
തനിക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടക്കുന്നുണ്ടെന്നും വേടൻ മുൻകൂർ ജാമ്യഹർജിയിലും ആരോപിച്ചിരുന്നു. ബലാത്സംഗക്കേസിൽ റാപ്പർ വേടനെ തൃക്കാക്കര പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
Kerala
പാലക്കാട്: തനിക്കെതിരായ പീഡന പരാതിയിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ. പാർട്ടിക്കുള്ളിലുണ്ടായിരുന്ന എന്നാൽ ഇപ്പോൾ പാർട്ടിക്കുള്ളിൽ ഇല്ലാത്ത ഒരാളാണ് ഇതിനെല്ലാം പിന്നിലെന്നാണ് കൃഷ്ണകുമാറിന്റെ ആദ്യപ്രതികരണം. 2015 നും 2020നും പൊട്ടിച്ച് പൊട്ടാതെ പോയ നനഞ്ഞപടക്കമാണ് ഇപ്പോൾ കോണ്‍ഗ്രസ് വീണ്ടും പൊട്ടിക്കാൻ ശ്രമിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ജൂലൈയിൽ കോടതി തള്ളിക്കളഞ്ഞ കേസാണിത്. തികച്ചും കുടുംബപ്രശ്നമാണ് ഈ വ്യാജ പരാതിക്ക് പിന്നിൽ. സിവിൽ കേസും ഡൊമസ്റ്റിക് വയലൻസ് കേസും കോടതി തള്ളി ഞങ്ങൾക്ക് അനുകൂല വിധി വന്നിട്ടുണ്ട്.
പാർട്ടിക്ക് മുന്നിൽ പരാതിയെത്തിയപ്പോൾ പാർട്ട് അത് പ്രാഥമികമായി പരിശോധിച്ച് കഴന്പില്ലെന്നും മനഃപൂർവം കെട്ടിച്ചമച്ച പരാതിയാണെന്നും ബോധ്യപ്പെട്ടതിനെ തുടർന്നു പരിഗണിക്കാതെ വിടുകയായിരുന്നു. കുടുംബസ്വത്തിന്റെ കേസിൽ എന്റെ ബന്ധുവായ ആ സ്ത്രീ കോടതിയിലും കേസിലും അപ്പർഹാൻഡ് കിട്ടാനായി ചമച്ച പരാതിയാണിത്. പാർട്ടിക്ക് അത് ബോധ്യപ്പെട്ടതുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്.
ഒരു കുടുംബതർക്കം ഇത്രയും നീചമായ രീതിയിൽ കൊണ്ടുവന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ തന്നെയും തളയ്ക്കാമെന്ന് ആരുടെയെങ്കിലും മനസിൽ പാൽപായസമുണ്ടെങ്കിൽ അവരത് മാറ്റിവച്ചോട്ടെയെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
അഞ്ചാറു വർഷം മുൻപ് കൃഷ്ണകുമാറിന്റെ ബന്ധുവായ ഒരു സ്ത്രീ നൽകിയ പരാതിയാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് എറണാകുളം സ്വദേശിനി പരാതി നൽകിയിരിക്കുന്നത്.
പരാതി ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നു പരാതിയിൽ പറയുന്നുണ്ട്. കൃഷ്ണകുമാർ മോശമായി പെരുമാറിയെന്നും മറ്റും പരാതിയിൽ പറയുന്നു. എന്നാൽ പരാതി ഉന്നയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും പരാതിയിലുണ്ട്.
Kerala
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ ദാസ് മുരളി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. കേസ് വീണ്ടും പരിഗണിക്കുന്നതു വരെ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയുണ്ടായി. ബന്ധം പിരിഞ്ഞുവെന്ന കാരണത്താല്‍ നിലവിലുണ്ടായിരുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി വ്യാഖ്യാനിക്കാനാകുമോയെന്ന് ചൊവ്വാഴ്ച വാദത്തിനിടെ കോടതി ചോദിച്ചു.
വേടന് സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും രണ്ടു സ്ത്രീകള്‍ക്കൂടി പരാതി നല്കിയിട്ടുള്ളതായും പരാതിക്കാരി കോടതിയെ അറിയിച്ചു. മുമ്പ് മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ക്ഷമാപണം നടത്തിയെന്നും വാദിച്ചു. എന്നാല്‍ ഈ കേസിന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു.
ഓരോ പരാതിയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റു സ്ത്രീകളുമായി ഇടപഴകാന്‍ അനുവദിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയാണ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയത്. തനിക്കു വേടന് ഫാന്സില്നിന്നു വധഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മറ്റു പരാതികളിലെ നടപടി അറിയിക്കാന്‍ പ്രോസിക്യൂഷനോടു നിര്‍ദേശിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചു.
പരാതിക്കാരി ഫേസ്ബുക്ക് പോസ്റ്റുകളും മാധ്യമവാര്‍ത്തകളും ഹാജരാക്കിയാണു വാദിക്കുന്നതെന്നും ഇത് ആധികാരികരേഖയായി കാണാനാകില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകള്‍ ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: യുവഡോക്ടറുടെ ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പുതിയ നടപടി.
യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ വേടനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ എവിടെയെന്ന് കണ്ടുപിടിക്കാനായിട്ടില്ല. വിദേശത്തടക്കമുള്ള നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്.
വേടന്റെ മുൻകൂർ ജാമ്യം 18നാണ് ഇനി ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനു മുമ്പ് വേടനെ പിടികൂടാനാണ് പോലീസിന്റെ ശ്രമം.